ഭര്‍ത്താവിന്റെ മ‍ര്‍ദ്ദനത്തിൽ മനംനൊന്ത് ജീവനൊടുക്കാൻ ഇറങ്ങിയ ആ പേരാമ്പ്രക്കാരി ഇന്ന് പൊലീസ് ഓഫീസറാണ്


കോഴിക്കോട്: ഭർത്താവിന്റെ വീട്ടിലെ മാനസികവും ശാരീരികവുമായ കൊടിയ പീഡനം, ശാരീരമായ മർദ്ദനവും സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ കിണറ്റിൻ കരയിലേക്ക് ഓടിയ ആ പേരാമ്പ്രക്കാരി, കിണറിന്റെ ആഴം കണ്ട് ഭയന്ന് പിന്മാറിയ അതേ പെൺകുട്ടി നൗജിഷ, ജീവിതത്തിലേക്ക് തിരികെ നടന്ന് ഇപ്പോൾ അവളൊരു സിവിൽ പൊലീസ് ഓഫീസറാണ്.


Read alsoകാണ്മാനില്ല

ജീവിതത്തേക്കാൾ എളുപ്പമാണ് ആത്മഹത്യ, ജീവിച്ച് കാണിക്കുകയാണ് പ്രയാസം, ആരോ എവിടെയൊക്കെയ പറഞ്ഞുകേട്ട ആ പ്രയാസം നന്നായി തിരിച്ചറിഞ്ഞാണ് വിജയവഴിയിൽ നൗജിഷ ബൂട്ടണിയുന്നത്. ആ കിണറ്റിൻകരയിൽ നിന്ന് തിരിഞ്ഞു നടത്തക്കാതെ, എരിഞ്ഞടങ്ങിയ നൂറുകണക്കിന് പെണ്ണുദാഹരണങ്ങളിൽ നിന്ന് മാറി നടന്നു അവൾ. വിവാഹമോചനം നേടി കുട്ടിയെയും കൊണ്ട് അവളുടെ വീട്ടിലേക്ക് വന്നു. തുട‍ര്‍ന്നായിരുന്നു അവളുടെ കരുത്തുറ്റ, ജീവിത വിജയം വരെ നീണ്ട പോരാട്ടം. ഒടുവിൽ കഴിഞ്ഞ ദിവസം അവർ തൃശൂർ പോലീസ് അക്കാദമിയിൽ നിന്നും പാസിങ് ഔട്ട് പരേഡ് കഴിഞ്ഞു. സ്വന്തം മകനെ വാരിപ്പുണർന്ന് നിൽക്കുന്ന നൗജിഷയുടെ വീഡിയോ സോഷ്യൽമീഡിയയുടെയും ഹൃദയം തൊട്ടു.

എംസിഎ -കാരിയായ നൗജിഷ പേരാമ്പ്രയിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം ഒരു പാരലൽ കോളേജിൽ അധ്യാപികയായി ജോലി ചെയ്തു. ഒപ്പം പിഎസ്‌സി പരീക്ഷകൾക്ക് മുഴുവൻ സമയ തയ്യാറെടുപ്പും. അവളുടെ കഠിന പരിശ്രമം വിജയം കണ്ടു. സാഭിമാനം അവളിന്ന് പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസറാണ്.


സാഹചര്യങ്ങളെ നേരിടാൻ കഴിയാത്ത നിരവധി വിസ്മയമാരെ കാണുന്ന കാലഘട്ടത്തിൽ, പെൺകുട്ടികൾക്ക് നൗജിഷയുടെ ജീവിതം പാഠമാക്കാം. അവസാനിപ്പിക്കേണ്ടതല്ല ജീവിതം, ഇച്ഛാശക്തിയോടെ മുന്നോട്ട് പോയാൽ നൂറു വഴികൾ തുറക്കുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട് നൗജിഷ. അതുകൊണ്ടുതന്നെ അവരുടെ ജീവിതം തന്നെയാണ് അവ‍ര്‍ നൽകുന്ന ഏറ്റവും വലിയ സന്ദേശവും.
Previous Post Next Post