കെഎസ്ആർടിസി ചർച്ച പരാജയം; ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്


തിരുവനന്തപുരം: ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയം. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.
മതേതര കെ എസ് ആർ ടി സി! വിഷുവിനും, ഈസ്റ്ററിനും, പെരുന്നാളിനും ശമ്പളമില്ല!

മാർച്ച് മാസത്തെ ശമ്പളം കിട്ടിയത് ഏപ്രിൽ 19 ന്. ഏപ്രിൽ മാസത്തെ ശമ്പളം എന്ന് കിട്ടുമെന്ന് ആർക്കും ഉറപ്പില്ല. കാൽ ലക്ഷത്തിലേറെ വരുന്ന കെ എസ് ആർട്ടിസി ജീവനക്കാരന്റെ ജീവിതം കഴിഞ്ഞ കുറച്ചു മാസങ്ങളായി പഞ്ചറായ ടയറുപോലാണ്. ലോണുകളുടെ തിരിച്ചടവിന് മുടക്കം പതിവായി. ആഘോഷങ്ങൾ കട്ടപ്പുറത്തായി. വിഷുവും ഈസ്റ്ററും കഴിഞ്ഞാണ് പോയ മാസം ശമ്പളം കിട്ടിയത്. ഈ മാസം ചെറിയ പെരുന്നാളും ശമ്പളം കിട്ടാതെ കടന്നുപോയി.

തെറ്റുന്ന കണക്കുകൂട്ടലുകൾ

ഒരു മാസത്തെ ശമ്പള വിതരണത്തിന് കെ എസ് ആർടിസിക്ക് വേണ്ടത് ഏകദേശം 82 കോടിയോളം രൂപയാണ്. ഏപ്രിൽ മാസം കെ എസ് ആർ ടി സിയുടെ വരുമാനം ഏതാണ്ട് 167 കോടിയാണ്. എന്നിട്ടും ശമ്പളം നൽകാനാകുന്നില്ല. ഇന്ധന വില വർദ്ധന കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഗതാഗത മന്ത്രിയും അത് ആവർത്തിക്കുന്നു. പ്രതിദിന വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഇന്ധന ചെലവിനായി നീക്കി വക്കുന്നു. ദീർഘകാല വായ്പപയുടെ തിരിച്ചടവിനായി ഒരു കോടിയോളം പ്രതിദിനം മാറ്റി വക്കണം. ഇതെല്ലാം കിഴിച്ചാൽ മാസാവസാനം ശമ്പളം കൊടുക്കാൻ പണമില്ലെന്നാണ് കെ എസ് ആർ ടി സി വ്യക്തമാക്കുന്നത്.


കൈ മലർത്തി സർക്കാർ

പൊതു മേഖല സ്ഥാപനങ്ങളുടെ ശമ്പള ബാധ്യത അവർ തന്നെ വഹിക്കണമെന്നാണ് സർക്കാർ നിലപാട്. കെ എസ് ആർ ടി സി സേവന മേഖലയായതിനാൽ സർക്കാർ സഹായം നൽകും. ബജറ്റിൽ ആയിരം കോടി വകയിരുത്തിയിട്ടുണ്ട്. ഇതിൽ 750 കോടിയോളം സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്ന പെൻഷനു വേണ്ടിയാണ്. അത് കിഴിച്ചാൽ ഇനി പ്രതിമാസം പരമാവധി 30 കോടിയിലധികം സഹായം നൽകാൻ ആകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്‌.

ഇങ്ങിനെ എത്ര നാൾ ?

സർക്കാർ സഹായമായി കിട്ടിയ 30 കോടിക്ക് പുറമേ 45 കോടി ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്താണ് കഴിഞ്ഞ മാസം കെ എസ് ആർ ടി സി യിൽ ശമ്പളം വിതരണം ചെയ്തത്. ഈ ബാധ്യത തീർക്കാതെ ഇനി ഈ മാസം ഓവർ ഡ്രാഫ്റ്റെടുക്കാനാകില്ല. ഈ മാസം അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാലും ശമ്പള വിതരണം നീളുമെന്നുറപ്പ്. ഇനി വിട്ടുവിഴ്ചക്കില്ലെന്നാണ് ജീവനക്കാരുടെ സംഘടനകൾ ഒന്നടങ്കം പറയുന്നത്. പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ മെയ് 6 മുതൽ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാകണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം.
Previous Post Next Post