വാഹനങ്ങളിലെ സൺ ഫിലിം: പരിശോധന കർശനമാക്കും, നാളെ മുതൽ സ്പെഷ്യൽ ഡ്രൈവ്


തിരുവനന്തപുരം:കൂളിംഗ് ഫിലിം ഒട്ടിച്ച വാഹനങ്ങൾക്കെതിരെ പരിശോധന കർശനമാക്കും. നാളെ മുതൽ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നടപടിയുടെ ഭാഗമായി നാളെ മുതൽ സ്‌പെഷ്യൽ ഡ്രൈവ് നടത്തും.

പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാൻ മന്ത്രി ആന്റണി രാജു, ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ മുമ്പില്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ട്.
വാഹനങ്ങളുടെ ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കരുതെന്ന് നിയമം വരുന്നത് 2012ലാണ്. കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് കാണിച്ച് അഭിഷേക് ഗോയങ്ക എന്നയാൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് പൂർണ്ണമായും നിർത്തലാക്കി.
Previous Post Next Post