തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട്: നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ 47 പേര്‍ക്ക് കൂടി ജില്ലാ ഭരണകൂടത്തിന്റെ കരുതല്‍കോഴിക്കോട്: ഇന്നലെ വരെ ഒരു മേല്‍ക്കൂരയുടെ തണലോ കരുതലോ ഇല്ലാതിരുന്ന 47 പേര്‍ക്ക് ഇനി തെരുവില്‍ അലയേണ്ടിവരില്ല. നഗരത്തില്‍ അലഞ്ഞു നടന്നിരുന്ന 47 പേരെയാണ് ജില്ലാ ഭരണകൂടം കരുതല്‍ കരങ്ങളായ ഉദയം ഹോമിലേക്ക് മാറ്റിയത്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരം, പുതിയ ബസ് സ്റ്റാന്റ് തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ കിടന്നുറങ്ങിയവരെയാണ് ഉദയം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
തെരുവുജീവിതങ്ങളില്ലാത്ത കോഴിക്കോട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി തെരുവില്‍ കിടന്നുറങ്ങുന്നവരെയും നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്കുമായി ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഉദയം പ്രോജക്ട് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസിന്റെ സഹായത്തോടെ നടന്ന പ്രവര്‍ത്തനത്തിന് ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി, സ്‌പെഷല്‍ ഓഫിസര്‍ ഡോ. ജി രാഗേഷ്, ഉദയം പ്രൊജക്റ്റ് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സജീര്‍ പി മറ്റു ഉദയം സ്റ്റാഫുകള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

നഗരത്തിന്റെ തിരക്കില്‍ ആരോരുമില്ലാതെ അലഞ്ഞു നടന്നിരുന്ന അശരണര്‍ക്ക് തുണയാവുകയാണ് ജില്ലാ ഭരണകൂടം. ചേവായൂര്‍, വെള്ളിമാടുകുന്ന്, മാങ്കാവ്, വെസ്റ്റ്ഹില്‍, എന്നിവിടങ്ങളിലായി 400 ഓളം ആളുകളെ പാര്‍പ്പിക്കാനുള്ള സംവിധാനമാണ് ഉദയം ഹോമുകളിലുള്ളത്.

ആരോരുമില്ലാത്തവര്‍ക്ക് ഒരു വീടിന്റെ കരുതലും സ്‌നേഹവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ഉദയം ഹോമിന്റെ നടത്തിപ്പിന് ഉദാരമതികളുടെ സഹായം സ്വീകരിക്കുന്നുണ്ട്. ഉദയം ബാങ്ക് അക്കൗണ്ടുകളിലേക്കോ ഉദയം ഹോമുകളിലേക്കോ പണമായും വസ്തുക്കളായും സ്പോണ്‍സര്‍ഷിപ്പ് ചെയ്യാവുന്നതാണ്. വിവരങ്ങള്‍ക്ക് 9207391138 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Post a Comment (0)
Previous Post Next Post