ഫറോക്ക് ചാലിയാറിലും വരുന്നു ജലോത്സവം



രാമനാട്ടുകര : ചാലിയാറിൽ ആവേശത്തുഴയെറിയാൻ വരുന്നു ഫറോക്കിലും വള്ളംകളി. സെപ്റ്റംബർ 10-നാണ് മലബാറിന്റെ ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ ലക്ഷ്യമിട്ട് നടത്തുന്ന ജലോത്സവം.

സെപ്റ്റംബർ നാലിന് നെഹ്രു ട്രോഫി വള്ളംകളി മത്സരത്തോടുകൂടി ആലപ്പുഴയിൽ ആരംഭിച്ച് നവംബർ 26 -ന് കൊല്ലത്ത് അവസാനിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് ഇത്തവണമുതൽ ചാലിയാറിലും വള്ളംകളിമത്സരം നടത്തുന്നത്. സംസ്ഥാന വിനോദ സഞ്ചാരവകുപ്പും ജില്ലാഭരണകൂടം, ഡി.ടി.പി.സി. എന്നിവരാണ് സംഘാടകരാവുന്നത്.
ഫറോക്ക് കേന്ദ്രീകരിച്ചാണ് മത്സരം നടക്കുക. മത്സര വള്ളംകളിയിൽ വടക്കൻ ചുരുളൻവള്ളങ്ങൾ പങ്കെടുക്കുമെന്ന് ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

ഫറോക്ക് പഴയപാലത്തിനും പുതിയ പാലത്തിനും മധ്യേയാകും മത്സരവേദി. മലബാർ മേഖലയിലെ പത്തുടീമുകൾ പങ്കെടുക്കും. മത്സരത്തിനായി മുപ്പതിലേറെ താരങ്ങൾ തുഴയുന്ന, 60 അടിയിലേറെ നീളമുള്ള ചുരുളൻവള്ളങ്ങൾ ബേപ്പൂരിലെത്തും. കാസർകോട്‌, ചെറുവത്തൂർ, നീലേശ്വരം മേഖലയിൽ മത്സരവള്ളങ്ങൾ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ജലോത്സവത്തിന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
Previous Post Next Post