കോഴിക്കോട്: 2022 മാർച് 12 ഞായറാഴ്ച വൈകിട്ട് 4:30 മണിക്ക് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഐ-ലീഗ് 2022-23 അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്‌സി രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദിലെ ശ്രീനിധി ഡെക്കാൻ എഫ് സിയെ നേരിടും. അവസാന മത്സരത്തിനുള്ള കാണികൾക്കുള്ള പ്രവേശനം സൗജന്യം ആയിരിക്കുമെന്ന് ക്ലബ് അറിയിച്ചു.
കഴിഞ്ഞ മത്സരത്തിൽ സുദേവ ഡൽഹിയെ അവരുടെ തട്ടകത്തിൽ 4 -1 തോൽപിച്ച ടീം മികവുറ്റ ഫോമിലാണ്. 21 മത്സരങ്ങളിൽ 36 പോയിൻ്റുള്ള ഗോകുലം കേരള , നാളത്തെ മത്സരം ജയിച്ചാൽ ലീഗിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ പറ്റും. അത് വഴി അടുത്ത മാസം നടക്കുന്ന സൂപ്പർ കപ്പിലെ എല്ലാ മത്സരങ്ങളും കോഴിക്കോട് തന്നെ കളിക്കാൻ സാധിക്കും.
മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഗോകുലം കേരള മുഖ്യ പരിശീലകൻ ഫ്രാൻ ബോണെട് മത്സരത്തിൽ നിന്നുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചു." ഞങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നു. ഇത് ഞങ്ങളുടെ അവസാന മത്സരമാണ്, സൂപ്പർ കപ്പിന് നല്ല എതിരാളികൾ വേണം. കൂടാതെ, നല്ല രീതിയിൽ ലീഗ് അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു നല്ല മത്സരം ഞങ്ങൾ പ്രതീക്ഷിക്കുന്നു" മത്സരം യൂറൊ സ്പോർട്സ്, ഡി ഡി സ്പോർട്സ്, 24 news ചാനലുകളിൽ തത്സമയം ഉണ്ടായിരിക്കും.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.