കരിപ്പൂർ:കോഴിക്കോട് വിമാനത്താവളത്തിന് ഇനിയുള്ള 11 ദിനങ്ങൾ 2 തരത്തിൽ അതിനിർണായകം. ഈ മാസം 15 ലക്ഷ്യമിട്ടു 2 മേഖലകളിൽനിന്നാണു കൗണ്ട് ഡൗൺ ആരംഭിക്കുന്നത്. ഒന്ന് റൺവേ തുറന്ന് 24 മണിക്കൂർ വിമാന സർവീസ് ആരംഭിക്കാൻ വേണ്ടിയുള്ള ഒരുക്കം. മറ്റൊന്ന്, റൺവേ അനുബന്ധ വികസനത്തിനു 14.5 ഏക്കർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്കു കൈമാറാം എന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ച അവസാന തീയതി. രണ്ടും കോഴിക്കോട് വിമാനത്താവളം റൺവേക്ക് കരുത്താർജിക്കാനുള്ള ദിനങ്ങൾ.
റൺവേ കൈമാറ്റം: ഇനി ശേഷിക്കുന്നത്
2860 മീറ്റർ റൺവേയും റീകാർപറ്റിങ്ങും അനുബന്ധ ജോലികളും പൂർത്തിയാക്കാൻ കരാർ കമ്പനിക്കു നവംബർ വരെ കാലാവധിയുണ്ട്. എന്നാൽ ജൂൺ ആദ്യവാരത്തിൽതന്നെ കാർപറ്റിങ്, പ്രകാശ സംവിധാനം ഒരുക്കൽ എന്നിവ പൂർത്തിയായി. റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്ന ഗ്രേഡിങ് ജോലി മണ്ണു ലഭിക്കാത്ത സാങ്കേതിക കുരുക്കുമൂലം പൂർത്തിയായില്ല. ഒരു ഭാഗത്ത് 2860 മീറ്ററും നിരപ്പാക്കിക്കഴിഞ്ഞു. മറുവശത്ത് ആയിരത്തിൽ താഴെ മീറ്റർ മാത്രമാണു ശേഷിക്കുന്നത്. ഡ്രെയിനേജിനു സ്ലാബിടൽ ജോലിയും ബാക്കിയുണ്ട്. അവയെല്ലാം ദിവസങ്ങൾക്കകം പൂർത്തിയാക്കാനാണു ശ്രമം.
നിലവിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിട്ടാണു ജോലി ചെയ്യുന്നത്. ഗ്രേഡിങ് ജോലി പൂർത്തിയായാൽ 15 മുതൽ 24 മണിക്കൂർ സർവീസ് പുനരാരംഭിക്കും.
സ്ഥലം കൈമാറ്റം: പരിശോധന തുടരുന്നു
നെടിയിരുപ്പ്, പള്ളിക്കൽ വില്ലേജുകളിൽനിന്നായി 14.5 ഏക്കർ ഏറ്റെടുക്കുന്നതിനു കണക്കെടുപ്പു പൂർത്തിയായി. നഷ്ടപരിഹാരത്തുക തിട്ടപ്പെടുത്തുന്നതിനായി ഭൂ ഉടമകളുടെ രേഖകൾ പരിശോധിക്കുന്ന നടപടിയാണു പുരോഗമിക്കുന്നത്. 4 ദിവസത്തിനുള്ളിൽ 20 ഭൂ ഉടമകൾ സമ്പൂർണ ഭൂരേഖകൾ ഹാജരാക്കി. അവരിൽ 8 പേർ പള്ളിക്കൽ വില്ലേജിലും 12 ഭൂ ഉടമകൾ നെടിയിരുപ്പിലും ഉള്ളവരാണ്. 20ൽ 6 വീടുകളുടേതും 11 ഭൂമികളുടേതും മൂന്നെണ്മം മറ്റു കെട്ടിടങ്ങളുടേതുമാണ്.
ഇന്നലെ മാത്രം 9 പേർ രേഖകൾ സമർപ്പിച്ചു. ഇവർക്കു പുറമേ, രേഖകൾ പൂർണമല്ലാത്തവരും എത്തിയിയിരുന്നു. അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.പള്ളിക്കലിൽ 26, നെടിയിരുപ്പിൽ 54 വീതം ഉടമകളാണുള്ളത്. അതേസമയം, ഭൂമി ഏറ്റെടുക്കുമ്പോൾ വഴിയും റോഡും നഷ്ടമാകുന്ന പ്രശ്നം പരിഹരിക്കാൻ വിവിധ വകുപ്പുകൾ ചേർന്നുള്ള സംയുക്ത പരിശോധന ഈ മാസം 7നു നടന്നേക്കും.
Kozhikode Airport: 11 crucial days to come
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.