
കോഴിക്കോട് ∙ മലാപ്പറമ്പ് – പൂളാടിക്കുന്ന് ദേശീയപാതയിൽ വേങ്ങേരി ജംക്‌ഷനിൽ ഓവർപാസ് നിർമാണവുമായി ബന്ധപ്പെട്ടു പാലത്തിന്റെ ഗർഡർ സ്ഥാപിക്കൽ തുടങ്ങി. നിലവിൽ ഗതാഗതം തുടരുന്ന റോഡിൽ ഗർഡർ സ്ഥാപിക്കുന്നതിനു ദേശീയപാത ഒരു ഭാഗം അടച്ചു. ഇതോടെ മലാപ്പറമ്പ് മുതൽ മാവിളിക്കടവ് വരെ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകിട്ട് 3.15 നാണ് റോഡ് ഒരു ഭാഗം അടച്ച് പ്രവൃത്തി ആരംഭിച്ചത്. 11 തൂണുകൾക്കു മുകളിൽ 16 ഗർഡറുകളാണ് സ്ഥാപിക്കുന്നത്. ഇതിൽ 3 ഗർഡർ ഇന്നലെ സ്ഥാപിച്ചു.
കോഴിക്കോട് –ബാലുശ്ശേരി റോഡിൽ വേങ്ങേരി ജംക്‌ഷനിൽ ദേശീയപാതയ്ക്കു മുകളിൽ 45 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. ഇതിനായി നേരത്തെ ദേശീയപാതയുടെ തെക്കു ഭാഗം 15 മീറ്റർ താഴ്ത്തി റോഡ് നിർമിച്ചു. തെക്കുഭാഗത്തും നടുക്കും തൂണുകൾ സ്ഥാപിച്ചിരുന്നു. ഈ ഭാഗത്ത് കഴിഞ്ഞ മാസം ഗർഡർ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും ക്രെയിനിനു റോഡിൽ നിർത്താൻ സൗകര്യം കുറവായതിനാലും ചെറിയ ക്രെയിൻ ലഭ്യമല്ലാത്തതിനാലും പ്രവൃത്തി നിർത്തി വയ്ക്കുകയായിരുന്നു. കാരാട് ബൈപാസ് ജംക്‌ഷനിൽ മേൽപാലം പൂർത്തിയായ സാഹചര്യത്തിലാണ് ഇന്നലെ ക്രെയിനുകൾ എത്തി നിർമാണം തുടങ്ങിയത്.
ഗർഡർ സ്ഥാപിക്കുന്നതിനു ക്രെയിൻ നിർത്താൻ സർവീസ് റോഡ് ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും മഴ പെയ്ത് ചെളി നിറഞ്ഞിരുന്നു. തുടർന്നു ഈ ഭാഗം 150 മീറ്റർ കോൺക്രീറ്റ് ചെയ്ത ശേഷം ഉച്ച കഴിഞ്ഞാണ് ഗർഡർ സ്ഥാപിക്കൽ തുടങ്ങിയത്. നിർമാണവുമായി ബന്ധപ്പെട്ട് റോഡ് ഒരു ഭാഗം അടച്ചതോടെ 3.15 മുതൽ 5.30 വരെ വേങ്ങേരി ബൈപാസ് ജംക്‌ഷനിൽ ഗതാഗതക്കുരുക്കായി.
Installation of the girder of the bridge started at Vengeri junction

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
NH Bypass