കോഴിക്കോട്∙ പാർക്കിങ് പ്ലാസ നിർമാണവുമായി ബന്ധപ്പെട്ടു പൊളിച്ചു മാറ്റിയ സത്രം ബിൽഡിങ്ങിലെ വ്യാപാരികളെ പുനരധിവസിപ്പിക്കാൻ റോഡരുകിൽ താൽക്കാലിക നിർമാണം. സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സെൻട്രൽ ലൈബ്രറിക്കു മുന്നിൽ കോംട്രസ്റ്റ് മതിലിനോടു ചേർന്നാണ്, പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡിൽ കോർപറേഷൻ അനുമതിയോടെ നിർമാണം.
ഒരു വർഷം മുൻപ് ഈ ഭാഗത്തു താൽക്കാലിക നിർമാണത്തിനു കോർപറേഷൻ അനുമതി നൽകിയിരുന്നു. എന്നാൽ, വ്യാപാരികൾ കോൺക്രീറ്റ് ഉപയോഗിച്ച് സ്ഥിരം കെട്ടിടം നിർമിച്ചു. നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമെന്നു പൊലീസും ദുരന്ത നിവാരണ വിഭാഗവും റിപ്പോർട്ട് നൽകിയതിനെ തുടർന്നു 29 ലക്ഷം രൂപ ചെലവിൽ വ്യാപാരികൾ നിർമിച്ച 4 കടകൾ 6 മാസം മുൻപ് പൊളിച്ചു മാറ്റി. ഇതേ സ്ഥലത്താണ് വീണ്ടും താൽക്കാലിക ഷെഡ് ഉയരുന്നത്. ഷെഡ് പൂർത്തിയാകുന്നതോടെ ആ ഭാഗത്തെ ഇരുചക്രവാഹന പാർക്കിങ് നിരോധിക്കും.
സത്രം കെട്ടിടത്തിലെ 12 വ്യാപാരികളാണ് പുനരധിവാസത്തിനായി കോർപറേഷനെ സമീപിച്ചത്. കെട്ടിടം പൊളിക്കുന്നതിനു മുൻപ് പുനരധിവാസം നടത്തുമെന്നു കോർപറേഷൻ അറിയിച്ചതിലാണു വ്യാപാരികൾ കെട്ടിടം ഒഴിഞ്ഞത്. തുടർന്നാണ് താൽക്കാലിക സംവിധാനത്തിൽ നിർമാണം നടത്താൻ റോഡരികിൽ കോർപറേഷൻ അന്നു സ്ഥലം അളന്നു നൽകിയത്. എന്നാൽ, വ്യാപാരികൾ ഈ സ്ഥലത്തു സ്ഥിരം കെട്ടിടം എന്ന നിലയിൽ ഉയർത്തുകയായിരുന്നു. ഇതോടൊപ്പം താജ് റോഡിലും അനധികൃതമായി കെട്ടിടം നിർമിച്ചു. പരാതി ഉയർന്നതോടെ ലൈബ്രറിക്കു മുന്നിലെ കടകളാണ് പൊളിച്ചു മാറ്റിയത്. എന്നാൽ താജ് റോഡിലെ നിർമാണം പൊളിക്കുമെന്നു കോർപറേഷൻ അറിയിച്ചെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.
റോഡിൽ വീണ്ടും കടകൾ നിർമിക്കുന്നതോടെ മിഠായിത്തെരുവിൽ എത്തുന്ന കച്ചവടക്കാർക്കും സഞ്ചാരികൾക്കും പാർക്കിങ് സൗകര്യം ഇല്ലാതാകും. നഗരത്തിൽ നിന്നു വടക്കൻ മേഖലകളിലേക്കുള്ള ബസുകൾ ഇതു വഴിയാണ് പോകുന്നത്. ഇവിടെ കടകൾ തുറക്കുന്നതോടെ ഗതാഗതക്കുരുക്കിനു കാരണമാകുമെന്നു പൊലീസിനു ആശങ്കയുണ്ട്. നഗരത്തിലെ സാംസ്കാരിക പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഇതിനെതിരെ ഒപ്പു ശേഖരണം ആരംഭിച്ചിട്ടുണ്ട്.
Shops are rising in Mananchira; Concerned about traffic jams
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Mananchira