കോഴിക്കോട് റെയിൽവേസ്റ്റേഷൻ വികസനം: ടെൻഡർ മാർച്ചോടെ; ആദ്യം പൊളിക്കുക ഒന്നാം പ്ലാറ്റ് ഫോം



കോഴിക്കോട് : റെയിൽവേസ്റ്റേഷൻ നവീകരണത്തിനായി ആദ്യം പൊളിക്കുക ഒന്നാംപ്ലാറ്റ്‌ഫോം. ഇവിടെയുള്ള ഓഫീസുകളെല്ലാം നാലാംപ്ലാറ്റ് ഫോമിലേക്ക് മാറ്റും. റെയിൽവേ ഓഫീസുകൾ, റിസർവേഷൻ കൗണ്ടർ എന്നിവയെല്ലാം ഒന്നിലാണ്. ഇത്തരത്തിൽ ഓരോ ഭാഗത്തിന്റെയും പണി ഘട്ടംഘട്ടമായി പൂർത്തിയാക്കും.
നിലവിലുള്ള കെട്ടിടം 90 ശതമാനത്തോളം പൊളിക്കേണ്ടി വരും. കഴിഞ്ഞദിവസം റെയിൽവേ സ്റ്റേഷനിലെത്തിയ അഡീഷണൽ ഡിവിഷണൽ മാനേജർ ഉൾപ്പെട്ടവർ ഇത്തരം കാര്യങ്ങൾ ചർച്ചചെയ്തു. അഡീ. ഡി.ആർ.എം. ജയകൃഷ്ണൻ, അനിൽ കുമാർ, ഡിവിഷണൽ ഓപ്പറേറ്റിങ് മാനേജർ നിതിൻ നോബർട്ട്, സ്റ്റേഷൻ ഡയറക്ടർ അബ്ദുൾ അസീസ്, സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് എന്നിവരാണ് പരിശോധന നടത്തിയത്.

ഒൻപത് ട്രാക്കുകൾ, ഓഫീസ് കെട്ടിടങ്ങൾ, രണ്ട് പുതിയ ഫൂട്ട് ഓവർബ്രിഡ്ജുകൾ, കിഴക്ക്-പടിഞ്ഞാറ്് ടെർമിനലുകളെ ബന്ധിപ്പിച്ചുള്ള ഭാഗത്ത് ബിസിനസ് ലോഞ്ച്, ഇരുഭാഗത്തും മൾട്ടിലെവൽ പാർക്കിങ്, ബഹുനില ക്വാർട്ടേഴ്‌സ്, വാണിജ്യകേന്ദ്രം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് വികസനം. സ്റ്റേഷൻ നവീകരണത്തിന്റെ ടെൻഡറിൽ അഞ്ച് കമ്പനികളാണുള്ളത്. 2024 മാർച്ചോടെ ടെൻഡറാവും. അതിനുശേഷം പണിക്കുള്ള സൗകര്യമൊരുക്കാൻ സാവകാശമുണ്ടാകും. തുടർന്ന് മൂന്നുവർഷത്തിനുള്ളിൽ റെയിൽവേസ്റ്റേഷൻ വികസനം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.

ഫ്രാൻസിസ് റോഡും റെയിൽവേ പടിഞ്ഞാറേ റോഡും ബന്ധിപ്പിക്കും

റെയിൽവേസ്റ്റേഷൻ വികസനത്തോടൊപ്പം പരിഹരിക്കപ്പെടുന്നത് സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തുള്ളവരുടെ യാത്രാപ്രശ്നംകൂടിയാണ്. 450 കോടിയിലേറെ ചെലവിട്ടുള്ള വികസനം യാഥാർഥ്യമാകുമ്പോൾ പടിഞ്ഞാറുഭാഗത്തെ റോഡ് ഫ്രാൻസിസ് റോഡുമായി ബന്ധിപ്പിക്കണമെന്ന ആവശ്യംകൂടിയാണ് പൂർത്തിയാവുക. റെയിൽവേ കോളനി ഭാഗത്തെ റോഡുവികസനത്തിന്റെ കൂട്ടത്തിലാണ് ഇതുൾപ്പെടുക.

വർഷങ്ങളായി ഈ ഭാഗത്തുള്ളവരുടെ പ്രധാന ആവശ്യമാണിത്. സ്റ്റേഷൻ വികസനം പൂർത്തിയാകുമ്പോഴാണ് റോഡും യാഥാർഥ്യമാകുക. സ്റ്റേഷൻ വികസനത്തിന് ഈ റോഡുനവീകരണം ഒഴിച്ചുകൂടാൻപറ്റാത്തതാണ്. നിലവിൽ പ്രദേശത്ത് ചെറിയറോഡുകൾ ഉണ്ടെന്നല്ലാതെ ഫ്രാൻസിസ് റോഡുമായി ഇവയൊന്നും ബന്ധിപ്പിക്കപ്പെടുന്നില്ല. പടിഞ്ഞാറുഭാഗത്തുള്ളവർ ഏറെ വളഞ്ഞ് പ്രധാന റോഡുകളിലേക്കെത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വകാര്യഭൂമിയുൾപ്പെടെയുള്ള ഭാഗം പ്രദേശത്തുണ്ട്. എത്രത്തോളം ഭൂമി റോഡിനായി ഏറ്റെടുക്കേണ്ടി വരുമെന്നുൾപ്പെടെയുള്ള കാര്യം പരിശോധിക്കണം. 800 മീറ്ററോളം നീളത്തിൽ റെയിൽവേയുടെ ഭാഗത്ത് വരും. ഇത് രണ്ടുവരിയായാണ് വികസിപ്പിക്കുക. ശേഷിക്കുന്ന 200 മീറ്റർ കോർപ്പറേഷൻ നിർമിക്കേണ്ടി വരും.

Kozhikode railway station development: tender by March; First dismantle the first platform

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post