ഇന്റലിജൻസ് റിപ്പോർട്ട് : എട്ടു പോലീസ് സ്റ്റേഷനുകൾക്കുനേരെ മാവോവാദി ആക്രമണസാധ്യത



കോഴിക്കോട്: വയനാട്ടിലെ മാവോവാദിസാന്നിധ്യത്തിന് തൊട്ടുപിന്നാലെ കോഴിക്കോട്ടെ മലയോരമേഖലയിലും മാവോവാദി ആക്രമണസാധ്യതയെന്ന് രഹസ്യാന്വേഷണറിപ്പോർട്ട്. കോഴിക്കോട് റൂറലിലെ എട്ടു പോലീസ് സ്റ്റേഷനുകൾക്കുനേരെ ആക്രമണമുണ്ടായേക്കാമെന്നാണ് വിവരം. വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി സ്റ്റേഷനുകളിൽ മാവോവാദികളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നും അതിർത്തിജില്ലകളിൽനിന്നും കാട്ടിലൂടെ എളുപ്പത്തിൽ എത്തിപ്പെടാൻ സാധ്യതയുള്ളത് ഇവിടങ്ങളിലാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതേത്തുടർന്ന് ഈ സ്റ്റേഷനുകൾക്ക് അതിജാഗ്രതാനിർദേശം നൽകി.
ആക്രമണസാധ്യത മുൻനിർത്തി മൂന്നു മേഖലകളായി തിരിച്ചാണ് ഇവിടങ്ങളിലെ പരിശോധന നടക്കുന്നത്. മാവോവാദികളുടെയും തീവ്ര ഇടതുപക്ഷവിഭാഗങ്ങളുടെയും ഏറ്റവും ആദ്യത്തെ ആക്രമണം തൊട്ടിൽപ്പാലം, പെരുവണ്ണാമൂഴി സ്റ്റേഷനുകൾക്കുനേരെ ഉണ്ടായേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുറ്റ്യാടി, വളയം, കൂരാച്ചുണ്ട് എന്നിവിടങ്ങളാണ് രണ്ടാംസാധ്യതാപട്ടികയിലുള്ള സ്റ്റേഷനുകൾ. കോടഞ്ചേരി, തിരുവമ്പാടി, താമരശ്ശേരി എന്നിവയാണ് മൂന്നാംമേഖലയിലെ സ്റ്റേഷനുകൾ. എസ്.ഐ. ഉൾപ്പെടെ മൊത്തം 240 പോലീസുകാരെയാണ് ഇവിടങ്ങളിലെ പ്രത്യേക പരിശോധനയ്ക്കായി വിന്യസിച്ചിട്ടുള്ളത്.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ പരിശോധനാസംവിധാനം തുടരുമെന്നാണ് കോഴിക്കോട് റൂറൽ പോലീസ് സൂപ്രണ്ടിന്റെ ഉത്തരവിൽ പറയുന്നത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും രാത്രി എട്ടുമുതൽ പിറ്റേന്ന് രാവിലെ എട്ടുവരെയും എന്ന ക്രമത്തിലാണ് സേനയുടെ വിന്യാസം. ആദിവാസി കോളനികളിൽ പ്രത്യേക നിരീക്ഷണം ആവശ്യമാണെന്ന് ഉത്തരവിലുണ്ട്. മൂന്നു മേഖലകളിലുമായി ആയുധധാരികളായ പത്തുപേർവീതം വലിയ വാഹനങ്ങളിൽ സ്ഥിരമായി റോന്ത് ചുറ്റണം. വടകര, താമരശ്ശേരി, പേരാമ്പ്ര ഡിവൈ.എസ്.പി.മാർക്ക് നേരിട്ടുള്ള മേൽനോട്ടച്ചുമതലയാണ് നൽകിയിരിക്കുന്നത്.

സ്റ്റേഷൻ പ്രവർത്തനം അവതാളത്തിലെന്ന് പോലീസുകാർ മാവോവാദി ബന്തവസ്സിനായി ലോക്കൽ പോലീസ് സ്റ്റേഷനുകളിൽനിന്നാണ് കൂടുതൽപ്പേരെ എടുത്തത്. ഇതോടെ ജില്ലയിലെ എട്ട് റൂറൽ പോലീസ് സ്റ്റേഷനുകളിലെ പ്രവർത്തനം അവതാളത്തിലായെന്നാണ് പോലീസുകാരുടെ പരാതി. കണ്ണൂർ റൂറലിലേക്ക് ആറളത്തും കേളകത്തുമായി സ്ഥിരമായി 30 പേരെ ഊഴമിട്ട് നൽകണമെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യും ഉത്തരവിട്ടിട്ടുണ്ട്.
പുതുതായി എത്തിയ വനിതാ ബറ്റാലിയനിലുള്ളവരെ നേരിട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലേക്കാണ് വിന്യസിച്ചത്. വടകര റൂറലിൽ 21 പോലീസ് സ്റ്റേഷനുകളാണുള്ളത്. നിലവിൽ ആൾക്ഷാമമുള്ള ഈ സ്റ്റേഷനുകൾ പുതിയ തീരുമാനം വന്നതോടെ ഏറെ പ്രയാസത്തിലായിരിക്കുകയാണ്. എന്നാൽ, ഇത് താത്കാലിക സംവിധാനം മാത്രമാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഓഫീസ് ആക്രമണവും ഉദ്യോഗസ്ഥരെ ബന്ദിയാക്കലും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉള്ളതിനാലാണ് കൂടുതൽ ജാഗ്രതാനിർദേശം നൽകിയത്. കോഴിക്കോട് ചെറുവണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന മുഖ്യമന്ത്രിയുടെ ഉത്തരമേഖലാ അവലോകനയോഗത്തിൽ എന്തുവിലകൊടുത്തും മാവോവാദികളുടെയും ഇടതുപക് ഷതീവ്രസംഘടനകളുടെയും പ്രവർത്തനങ്ങളെ നേരിടണമെന്ന് നിർദേശമുണ്ട്. വയനാട്ടിൽ കമ്പമലയിലെ വനം വികസന കോർപ്പറേഷന്റെ മാനന്തവാടി ഡിവിഷണൽ മാനേജരുടെ ഓഫീസ് മാവോവാദികൾ കഴിഞ്ഞദിവസം അടിച്ചുതകർത്തിരുന്നു. ഇൗ പശ്ചാത്തലത്തിൽക്കൂടിയാണ് സുരക്ഷ ശക്തമാക്കിയത്.

Intelligence report: Maoist attack possible on eight police stations

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post