ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഭൂമിയുടെ നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യുംമുക്കം : മലയോര മേഖലയുടെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരത്തുക ഉടൻ വിതരണം ചെയ്യുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. ഇതിന്റെ ഭാഗമായി നവംബർ 17 മുതൽ 23 വരെ ഭൂമിയുടെ രേഖകളുടെ പരിശോധന നടക്കും. തുടർന്ന് കളക്ടർ നഷ്ടപരിഹാര തുക സ്ഥലമുടമകളുടെ അക്കൗണ്ടിലേക്ക് കൈമാറും. നവംബർ 26-ന് മുക്കത്ത് നടക്കുന്ന നവകേരള സദസ്സിൽ തുരങ്ക പാതയുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വികസനത്തിന് വഴിയൊരുങ്ങും

പദ്ധതി യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങും. തിരുവമ്പാടി, നെല്ലിപ്പൊയിൽ വില്ലേജുകളിൽ ഉൾപ്പെട്ട 11 ഹെക്ടർ ഭൂമിയാണ് തുരങ്കപാതയ്ക്കും അനുബന്ധ റോഡ് നിർമാണത്തിനുമായി ഏറ്റെടുക്കുന്നത്. പദ്ധതിയുടെ ഭാഗമായി 28 സ്ഥലമുടമകൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. നവംബർ 26-ന് നടക്കുന്ന തിരുവമ്പാടി മണ്ഡലം തല നവകേരള സദസ്സിന് മുൻപ് നഷ്ടപരിഹാരവിതരണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. തുരങ്കപാതയുടെ നിർമാണോദ്ഘാടനം 2024 മാർച്ചിൽ നടത്താനാണ് ആലോചന.

പാരിസ്ഥിതിക അനുമതി പഠനങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും അനുമതി ഈ വർഷം അവസാനത്തോട് കൂടി ലഭ്യമാക്കാൻ കഴിയുമെന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കി നാലു വർഷത്തിനുളളിൽ പൂർത്തിയാക്കാൻ കഴിയുന്ന വിധം പ്രവൃത്തികൾ ത്വരപ്പെടുത്താനാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. തുരങ്കപാതയ്ക്ക് കഴിഞ്ഞ ഏപ്രിൽ മാസം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചിരുന്നു. പദ്ധതിക്കായി ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17.263 ഹെക്ടർ ഭൂമിയിൽ വനം വെച്ചുപിടിപ്പിക്കണമെന്ന നിർദേശത്തോടെയാണ് മന്ത്രാലയം അനുമതി നൽകിയത്. സൗത്ത് വയനാട് ഡിവിഷനിൽപ്പെട്ട ചുള്ളിക്കാട്, കൊള്ളിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിൽ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കിറ്റ്കോ നടത്തിയ പരിസ്ഥിതി ആഘാത പഠനം ജൂലായിൽ പൂർത്തിയായിരുന്നു. പാതയ്ക്ക് 2,138 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചതാണ്.
8.735 കി.മീ ദൈർഘ്യത്തിലാണ് തുരങ്കം നിർമിക്കുന്നത്. പത്ത് മീറ്റർ വീതിയുള്ള ഇരട്ട തുരങ്കങ്ങളാണ് നിർമിക്കുക. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം സാമൂഹികാഘാത പഠനം നടത്തുന്നതിനായി കണ്ണൂർ ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജിനെയായിരുന്നു സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. പബ്ലിക് ഹിയറിങ് പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്‌ഷൻ അഞ്ച് പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ ആവലാതികൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിങും പൂർത്തീകരിച്ചു. താമരശേരി ചുരത്തിന് ബദലായി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് തുരങ്കപ്പാത. 16 കിലോമീറ്ററാണ് പാതയുടെ മൊത്തം ദൈർഘ്യം കണക്കാക്കിയിരുന്നത്. കള്ളാടിയിൽ നിന്ന് പാതയെ മേപ്പാടിയുമായി ബന്ധിപ്പിക്കും. പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപ്പാതയാവും ഇത്. മറിപ്പുഴ ഭാഗത്ത് തുരങ്കമുഖത്തുനിന്ന് 500 മീറ്റർ ദൂരത്തേക്ക് 80 മീറ്റർ വീതിയിലാണ് പദ്ധതി നടത്തിപ്പുകാരായ കൊങ്കൺ റെയിൽവേ കോർപറേഷൻ പ്രോജക്ട് ഏരിയ നിശ്ചയിച്ചത്. ഈ പ്രദേശത്ത് ഇരു തുരങ്ക മുഖങ്ങളിൽ നിന്നായി രണ്ട് പാലങ്ങൾ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് മീതെ 25 മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലും നിർമിക്കും. പാലത്തിലേക്കുള്ള നാലുവരി പാതയ്ക്ക് അപ്രോച്ച് റോഡുകളും ഉണ്ടാകും.രേഖകളുടെ പരിശോധന 17 മുതൽ 23 വരെ

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post