ബൈപാസ് 66 നിർമാണം അതിവേഗം, 2024 ഡിസംബറിൽ പൂർത്തിയാക്കുംകോഴിക്കോട്:നിർമാണം പൂർത്തിയാക്കാൻ കൃത്യം ഒരു വർഷം ബാക്കിനിൽക്കെ വെങ്ങളം മുതൽ രാമനാട്ടുകര വരെ 28.400 കിലോമീറ്റർ ദേശീയപാതാ ബൈപാസ്  ആറു വരിയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. നിർമാണത്തിന്റെ 68 ശതമാനവും പൂർത്തിയാക്കിയതായി കരാറുകാർ വ്യക്തമാക്കി. ശേഷിക്കുന്ന പ്രവൃത്തി അനുവദിച്ച സമയപരിധിയായ 2024 ഡിസംബർ 25ന് പൂർത്തിയാക്കും. മണ്ണിനു നേരിടുന്ന പ്രതിസന്ധിയാണ് പ്രവൃത്തി തടസ്സപ്പെടുത്തിയിര‌ുന്നത്. അത് ഏറെക്കുറെ പരിഹരിക്കാനായി. മൊകവൂർ ഭാഗത്താണ് ഇപ്പോൾ മണ്ണു നിറച്ച് പണി പുരോഗമിക്കുന്നത്. തുടർന്ന് കോരപ്പുഴ ഭാഗത്ത് മണ്ണു നിറയ്ക്കും. 


വെങ്ങളം മേൽപാലത്തിന്റെ നിർമാണം പാതി ഭാഗം പൂർത്തിയായി. കോരപ്പുഴ പുതിയ പാലത്തിന് പിയർ ഉയർന്നു. ഇനി ഗർഡർ സ്ഥാപിക്കണം. പുറക്കാട്ടിരി പുഴയിലെ പുതിയ പാലത്തിന് അടുത്തയാഴ്ച ഗർഡർ സ്ഥാപിക്കും. പൂളാടിക്കുന്ന് ജംക്‌ഷനിൽ പുതിയങ്ങാടി–കുറ്റ്യാടി റോഡ് 3 മീറ്റർ താഴ്ത്തും. അമ്പലപ്പടി അടിപ്പാതയുടെ പാതി ഭാഗം നിർമാണം കഴിഞ്ഞു. ശേഷിക്കുന്ന പാതി ഭാഗത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. മൊകവൂർ അടിപ്പാതയുടെ നിർമാണം പൂർത്തിയായിവരുന്നു. ജനുവരി ആദ്യവാരത്തോടെ ഗതാഗതത്തിനു തുറക്കും. 

വേങ്ങേരിയിലും മലാപ്പറമ്പിലും വിഒപി(വെഹിക്കിൾ ഓവർ പാസ്) നിർമിക്കണം. രണ്ടിടത്തും 6 വരി ബൈപാസ് നിലവിലുള്ള പാതയുടെ സ്ഥാനത്ത് ആഴത്തിലേക്ക് മാറ്റി നിർമിച്ച് കുറുകെ പോകുന്ന പാത പാലം നിർമിച്ച് അതിലേക്ക് മാറ്റും. വേങ്ങേരിയിൽ വിഒപി നിർമാണം പൂർത്തിയായി. ഇവിടെ ബൈപാസ് പാതി ഭാഗം താഴ്ത്തി നിർമിച്ച പാതയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം തിരിച്ചു വിട്ടു തുടങ്ങി. അടുത്ത ദിവസം ബാക്കി പാതി ഭാഗം താഴ്ത്തി ബൈപാസ് 6 വരിയാക്കുന്ന പ്രവൃത്തിയുടെ അവസാനഘട്ടത്തിലേക്ക് കടക്കും. 
മലാപ്പറമ്പിലും വേങ്ങേരി മാതൃകയിൽ താഴ്ത്തി നിർമിച്ച പുതിയ പാതയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം അടുത്ത ദിവസം തിരിച്ചുവിടും. അതിനായി മലാപ്പറമ്പ് ജംക്‌ഷനിലെ സിഗ്നൽ ലൈറ്റ് മാറ്റിസ്ഥാപിക്കും. തുടർന്ന് വെങ്ങളം–രാമനാട്ടുകര പാതയിൽ ബൈപാസ് പൂർണമായും താഴ്ത്തി നിർമിച്ച് കോഴിക്കോട്–വയനാട് പാതയിൽ പുതിയ പാലം നിർമിക്കും. പാച്ചാക്കിൽ റോഡിൽനിന്ന് ദേശീയപാതയിലേക്ക് നേരിട്ടു പ്രവേശനം ഇല്ലാതാകുന്നതോടെ ഈ റോഡ് സർവീസ് റോഡുമായി ബന്ധിപ്പിക്കും. പനാത്തുതാഴം ജംക്‌ഷനിൽ സംസ്ഥാന സർ‌ക്കാർ അനുവദിച്ച മേൽപാലം വരണം. തൊണ്ടയാട് ജംക്‌ഷനിൽ പുതിയ മേൽപാലത്തിന്റെ നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡിൽ ടാറിങ് പുരോഗമിക്കുകയാണ്. അതു കഴിഞ്ഞാൽ ഗതാഗതത്തിനു തുറക്കും.

 ഹൈലൈറ്റ് മാളിനു മുന്നിൽ നിർമാണം പുരോഗമിക്കുന്ന മേൽപാലം ഫെബ്രുവരിയോടെ തുറക്കും. മാമ്പുഴയിലെ പുതിയ പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. 20 ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞു. അടുത്ത ദിവസം പാലത്തിന്റെ കോൺക്രീറ്റിങ് നടക്കും. 13.5 മീറ്റർ വീതം വരുന്ന 2 പാതകളായാണ് 27 മീറ്റർ വീതിയിൽ പുതിയ ബൈപാസ് 6 വരിയാകുന്നത്. മധ്യത്തിൽ 60 സെന്റിമീറ്ററിലാണ് മീഡിയൻ. ഇരുഭാഗത്തും 50 സെന്റിമീറ്റർ വീതിയിൽ കോൺക്രീറ്റ് മതിൽ ബൈപാസിന് അതിരിടും. അതിനു പുറത്താണ് അഴുക്ക് ചാലിനൊപ്പം 6.75 മീറ്റർ വീതിയിൽ സർവീസ് റോഡും. 7 മേൽപ്പാലങ്ങളോടെയാണ് ബൈപാസ് പൂർത്തിയാകുന്നത്. തൊണ്ടയാടും രാമനാട്ടുകരയിലും നിലവിൽ മേൽപ്പാലങ്ങളുള്ളതിനാൽ പുതുതായി ഓരോന്നു വീതമാണ് നിർമിച്ചത്. അഴിഞ്ഞിലം, പന്തീരാങ്കാവ്, ഹൈലൈറ്റ് മാൾ, പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിൽ മേൽപാലങ്ങൾ രണ്ടും പുതിയവയാണ്. അഴുക്കുചാൽ നിർമാണം 95 ശതമാനവും പൂർത്തിയായിട്ടുണ്ട്. ബൈപാസ് 6 വരിയാക്കുന്ന പ്രവൃത്തി 2018ൽ കരാർ നൽകിയതു പ്രകാരം 2020 ൽ പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ പല കാരണങ്ങളാൾ നിർമാണം തുടങ്ങിയതു തന്നെ 2021 ഏപ്രിൽ 18നാണ്. പിന്നീട് 2024 ജനുവരിയിൽ പൂർത്തിയാക്കാൻ തീരുമാനിച്ചു. ഒടുവിൽ ഡിസംബറിലേക്ക് സമയം നീട്ടിക്കൊടുക്കുകയായിരുന്നു.


മാളിക്കടവ് ജംക്‌ഷനിൽ  പുതിയ അടിപ്പാത:നിർമാണം തുടങ്ങി തണ്ണീർപന്തൽ–പുതിയങ്ങാടി റോഡിൽ മാളിക്കടവ് ജംക്‌ഷനിൽ 26 മീറ്റർ വീതിയിൽ നിർമിക്കുന്ന പുതിയ അടിപ്പാതയുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. ഇവിടെ മുമ്പ് 2 വരി പാതയായിരുന്ന കാലത്ത് 5 പേർ വിവിധ അപകടങ്ങളിലായി അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്.  ടോൾ ബൂത്ത്  മാമ്പുഴ പാലത്തിനടുത്ത് കോഴിക്കോട്∙ വെങ്ങളം–രാമനാട്ടുകര ദേശീയപാത 66ൽ മാമ്പുഴ പാലത്തിനടുത്ത് ടോൾ ബൂത്ത് സ്ഥാപിക്കും. മാമ്പുഴ പാലത്തിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് 200 മീറ്റർ മാറിയാണ് ടോൾ ബൂത്ത് സ്ഥാപിക്കുക. മാർച്ചോടെ ബൂത്ത് നിർമാണം പൂർത്തിയായേക്കും. 

7 മേൽപ്പാലങ്ങളും 4 പാലങ്ങളും കോഴിക്കോട്∙ വെങ്ങളം–രാമനാട്ടുകര പാതയിൽ പുഴയിലെ പാലങ്ങൾ 14.50  മീറ്റർ വീതിയിലും റോഡിലെ മേൽപ്പാലങ്ങൾ 13.75 മീറ്റർ വീതിയിലുമാണ് നിർമിക്കുന്നത്. ഓരോ പാലത്തിന്റെയും നീളം: വെങ്ങളം–530 മീറ്റർ, കോരപ്പുഴ–484, പുറക്കാട്ടിരി–186, പൂളാടിക്കുന്ന്–540, തൊണ്ടയാട്–479, ഹൈലൈറ്റ് മാൾ–691, മാമ്പുഴ–128, പന്തിരാങ്കാവ്–330, അറപ്പുഴ–296, അഴിഞ്ഞിലം–31, രാമനാട്ടുകര–449 മീറ്റർ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post