കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. കാറിനുള്ളിൽ നിന്നും 52 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ബെംഗളൂരുവിൽ നിന്നും കാറിൽ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബൂബക്കർ സിദ്ദിഖ് (39), മുഹമ്മദ് ഫൈസൽ (36), എന്നിവരാണ് ഇന്ന് പിടിയിലായത്.
കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനുജ് പൈവാൾ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസും ആന്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി സംഘം പിടിയിലാകുന്നത്. പുതുവത്സരാഘോഷത്തിന്റെ മറവിൽ വൻതോതിൽ ഉള്ള ലഹരി വില്പന ലക്ഷ്യം വെച്ചാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് നഗരത്തിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവിൽ കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കോഴിക്കോട് വൈ.എം.സി.എ ക്രോസ് റോഡിൽ എസ്. ബി. ഐ ബാങ്കിന് സമീപമുള്ള പേ പാർക്കിംഗ് ഏരിയയിൽ ഒരു കാറിൽ കഞ്ചാവുണ്ടെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസെത്തുമ്പോൾ പ്രതികൾ കാറിനുള്ളിലായിരുന്നു.
കാർ വളഞ്ഞ പൊലീസ് പ്രതികളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് രഹസ്യ അറകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. വലിയ ബാഗുകളിലായി പൊതിഞ്ഞ് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതികൾ ബെംഗളൂരുവിൽ നിന്നും കഞ്ചാവ് വാങ്ങിയ സംഘത്തെക്കുറിച്ചടക്കം അന്വേഷണത്തിലാണെന്നും കഞ്ചാവ് കേരളത്തിലെത്തിച്ചതിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
two youth arrested with 52 kg marijuana in kozhikode
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.