കോഴിക്കോട് : പണിയുടെ ഭാഗമായി ബൈപ്പാസിൽനിന്ന് ചേവരമ്പലത്തേക്കു കടക്കുന്ന റോഡ് നേതാജി നഗർ ജങ്ഷനിൽ മുന്നറിയിപ്പില്ലാതെ പൂർണമായും വെട്ടിപ്പൊളിച്ചു. ഒരുഭാഗംപോലും ഒഴിച്ചുവെക്കാതെയാണ് ബസ് സർവീസുള്ള റോഡ് കീറിയത്. അതോടെ ജനങ്ങൾ പെരുവഴിയിലായി. ജനങ്ങളുടെ പ്രതിഷേധവും ജനപ്രതിനിധികളുടെ ഇടപെടലുംകൂടിയായതോടെ വെട്ടിപ്പൊളിച്ച ഒരുഭാഗം മണ്ണിട്ടുമൂടി.
നഗരപാത വികസനപദ്ധതിയിലുൾപ്പെട്ട സി.ഡബ്ല്യു.ആർ.ഡി.എം.-ചേവരമ്പലം-പനാത്തുതാഴം-കോട്ടൂളി റോഡാണിത്. ബൈപ്പാസിനു കുറുകെയാണ് റോഡ്. ഇതിൽ ചേവരമ്പലത്തുനിന്ന് ബൈപ്പാസിലേക്കു കയറുന്ന ഭാഗമാണ് ബൈപ്പാസിലെ ഓവുചാൽ പണിക്കായി വെട്ടിപ്പൊളിച്ചത്. വെള്ളിയാഴ്ച രാവിലെ നോക്കുമ്പോൾ കാൽനടപോലും പറ്റാത്ത രീതിയിൽ റോഡ് പൊളിച്ചതാണ് പ്രദേശവാസികൾ കണ്ടത്. ഒരുഭാഗത്ത് ആഴത്തിൽ പൊളിച്ചിരുന്നില്ല. ബസുകൾ രണ്ടുഭാഗങ്ങളിലായി നിർത്തേണ്ടിവന്നു.
സി.ഡബ്ല്യു.ആർ.ഡി.എം. ഭാഗത്തുനിന്ന് മുണ്ടിക്കൽതാഴം വഴി വരുന്ന ഈ റോഡ് നഗരത്തിലേക്കെത്താനുള്ള എളുപ്പവഴിയാണ്. നല്ല റോഡായതിനാൽ കുരുക്കൊന്നുമില്ലാതെ എത്താം.
കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, കൗൺസിലർമാരായ കെ.ടി. സുഷാജ്, എം.എൻ. പ്രവീൺ തുടങ്ങിയവർ സ്ഥലത്തെത്തി. എളമരം കരീം എം.പി.കൂടി ഇവിടെയെത്തിയ ശേഷം ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടു. “എം.പി. ഫോണിൽ സംസാരിച്ചതിനെത്തുടർന്ന് ഒരുഭാഗത്തെ പണി കഴിഞ്ഞ ശേഷംമാത്രം മറുഭാഗം ചെയ്താൽ മതിയെന്ന് തീരുമാനിച്ചു. അതിനെത്തുടർന്ന് വെട്ടിപ്പൊളിച്ച ഒരുഭാഗത്ത് മണ്ണിട്ടുമൂടുകയായിരുന്നു” -കൗൺസിലർ കെ.ടി. സുഷാജ് പറഞ്ഞു.
20 മീറ്റർ നീളത്തിലും ഏതാണ്ട് രണ്ടുമീറ്ററോളം വീതിയിലുമാണ് റോഡ് കീറിയത്. ഒരുഭാഗത്തെ പണി പൂർത്തിയാക്കിയ ശേഷം മറുഭാഗം ചെയ്താൽ മതിയെന്ന നിർദേശം ലഭിച്ചതോടെ പത്തുമീറ്റർ നീളത്തിൽ മണ്ണിട്ടുമൂടി. ജനങ്ങളുടെ പ്രയാസത്തെക്കുറിച്ച് ചിന്തിക്കാതെ ഒരു മുന്നറിയിപ്പുമില്ലാതെ ഇത്തരത്തിൽ പണിചെയ്യുന്നത് ഒഴിവാക്കണമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അജയകുമാർ പറഞ്ഞു. ചേവരമ്പലം ഭാഗത്തുനിന്നുവന്ന വാഹനങ്ങൾ കുടിൽത്തോട് വഴി തിരിഞ്ഞുപോയി. ബസും മറ്റും വഴിതിരിച്ചുവിടാൻ തീരുമാനമെടുക്കാതെ ഇങ്ങനെ തലതിരിഞ്ഞ രീതിയിൽ പണി നടപ്പാക്കുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധമുയർത്തുന്നുണ്ട്.
മലാപ്പറമ്പ്ബൈപ്പാസിൽനിന്ന് ചേവരമ്പലത്തേക്കു കടക്കുന്ന ഭാഗമാണ് വാഹനങ്ങൾ പോകാൻ പറ്റാത്ത രീതിയിൽ പൊളിച്ചത്
Tags:
NH Bypass