കോഴിക്കോട് : ജനുവരിമുതൽ ബീച്ച് അഗ്നിരക്ഷാസേനാംഗങ്ങൾ ഓടിയത് 86 തീപ്പിടിത്തങ്ങൾ അണയ്ക്കാനായാണ്. ആകെയുള്ള ഒരു യൂണിറ്റുവെച്ചാണ് സ്റ്റേഷന്റെ പ്രവർത്തനം. വേനൽ കടുത്തതോടെ നഗരത്തിലുള്ളവരുടെ നെഞ്ചിൽ മാത്രമല്ല തീ, അഗ്നിരക്ഷാസേനാംഗങ്ങളുടെ മനസ്സിലുംകൂടിയാണ്.
വിഷുവിന് മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിനു കീഴിൽമാത്രം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എട്ടു വിളികളാണെത്തിയത്. രാവിലെ 11-ന് പയ്യാനക്കൽ വയലിലുണ്ടായ തീപ്പിടിത്തം അണയ്ക്കുമ്പോഴേക്കും 12.30-ന് കണ്ണഞ്ചേരി ഗണപതിക്ഷേത്രത്തിനുമുമ്പിലുള്ള പറമ്പിൽ തീപിടിച്ചു. മൂന്നുമണിക്കൂറിനിടെ മൂന്ന് തീപ്പിടിത്തങ്ങൾ. കഴിഞ്ഞദിവസം ഞെളിയൻപറമ്പിലും മാവൂർ റോഡിലെ സ്റ്റേഷനറിക്കടയ്ക്കും തീപിടിച്ചു. വ്യാഴാഴ്ച ഗാന്ധിറോഡ് ജങ്ഷനുസമീപം മാലിന്യത്തിന് തീപിടിച്ചു. അടുത്തുതന്നെയാണ് വെള്ളയിൽ ഹാർബർ.
വളരെവേഗം സംഭവസ്ഥലത്തെത്തുക, ആവശ്യമുള്ള സജ്ജീകരണങ്ങളുണ്ടായിരിക്കുക തുടങ്ങിയവയാണ് തീപ്പിടിത്തങ്ങൾ വൻദുരന്തങ്ങളാവാതിരിക്കുന്നതിൽ നിർണായകം. എന്നാൽ, ബീച്ചിൽ സ്റ്റേഷനില്ലാതായതോടെ ഇതിനുള്ള സൗകര്യംകൂടിയാണ് നഷ്ടമായത്.
എട്ടുമാസമായിട്ടും നടപടിയില്ല
നഗരത്തിൽ ഒരു തീപ്പിടിത്തമുണ്ടായാൽ ആദ്യമോടിയെത്തുന്നത് ബീച്ച് ഫയർസ്റ്റേഷനിലെ സേനാംഗങ്ങളാണ്. എന്നാൽ, ബീച്ച് ഫയർസ്റ്റേഷൻ ഇല്ലാതായിട്ട് എട്ടുമാസം കഴിഞ്ഞു. നിലവിൽ ഒരു യൂണിറ്റുമാത്രമാണ് അവിടെ പ്രവർത്തിച്ചുവരുന്നത്. കൂടുതൽ യൂണിറ്റുകളുടെ സേവനം ആവശ്യം വന്നാൽ മീഞ്ചന്തയിലെയും വെള്ളിമാടുകുന്നിലെയും സേനയെത്തണം. നഗരത്തിലെ ഗതാഗതക്കുരുക്കിലൂടെ ഓടിയെത്തണമെങ്കിൽ സമയമെടുക്കും. മറ്റുവാഹനങ്ങൾക്ക് അപകടമുണ്ടാവാത്തരീതിയിൽവേണം ഓടിയെത്താൻ.
നഗരപരിധിയിലുണ്ടാകുന്ന ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിന് ബീച്ച് ഫയർസ്റ്റേഷൻ പൂർണമായി പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. അതിനായി സ്ഥലമൊരുക്കേണ്ടതും ജനങ്ങളുടെ സുരക്ഷയുറപ്പാക്കേണ്ടതും പ്രധാനമാണ്. താത്‌കാലികമായി പ്രവർത്തിക്കാൻ സരോവരത്തെ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. അതിന് സർക്കാരിൽനിന്ന് ഇനിയും അനുമതിലഭിച്ചിട്ടില്ല.
സ്ഥിരം ഫയർസ്റ്റേഷൻ നഗരത്തിന്റെ ജനകീയാവശ്യമാണ്. അമ്പതുപേരടങ്ങുന്ന ഒരു സേനയ്ക്ക് പ്രവർത്തിക്കാനാകുന്ന കെട്ടിടവും എട്ടുവാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമാണ് ആവശ്യം. കാലാവസ്ഥാവ്യതിയാനവും താപനിലയിലെ വർധനയുമെല്ലാം കണക്കിലെടുക്കുമ്പോൾ തീപ്പിടിത്തങ്ങൾക്കുള്ള സാധ്യത കൂടിവരുകയാണെന്ന വസ്തുത തള്ളിക്കളയാനാവില്ല. ചൂടുകൂടുന്നതോടെ മാലിന്യസംസ്കരണപ്ലാന്റുകളിൽ മീഥെയ്‌ൻ വാതകമുണ്ടാകുകയും സ്ഥലത്ത് ഏതെങ്കിലും ജ്വലനപദാർഥത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ അത് വൻ തീപ്പിടിത്തത്തിന് ഇടയാക്കുകയുംചെയ്യാം. അതുപോലെ ഉണങ്ങിയപുല്ലും അടിക്കാടുമൊക്കെ തീപടരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
സാറ്റലൈറ്റ് സ്റ്റേഷൻ എത്രയകലെ?
നഗരഹൃദയത്തിൽത്തന്നെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു യൂണിറ്റ് കോഴിക്കോടിനാവശ്യമാണെന്നാണ് കോംട്രസ്റ്റ് തീപ്പിടിത്തംപോലെയുള്ള സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നത്. കഴിഞ്ഞവർഷംതന്നെ പാളയത്ത് ഒരു സാറ്റലൈറ്റ് സ്റ്റേഷൻ തുടങ്ങുന്നതിനുള്ള രൂപരേഖ ബീച്ച് ഫയർസ്റ്റേഷൻ അധികൃതർ കോർപ്പറേഷന് സമർപ്പിച്ചിരുന്നു. മിഠായിത്തെരുവും വലിയങ്ങാടിയും പാളയം മാർക്കറ്റുമുൾപ്പെടുന്ന നഗരത്തിലെ ഏറ്റവുംവലിയ വ്യാപാരകേന്ദ്രങ്ങൾക്കരികെയാണ് സ്ഥലംകണ്ടെത്തിയത്. എട്ടംഗങ്ങളുള്ള ഒരു യൂണിറ്റിന് പ്രവർത്തിക്കാനുള്ള സ്ഥലമാണ് ഇതിനായിവേണ്ടത്. അതിലും ഇതുവരെ തീരുമാനമായിട്ടില്ല.ജനുവരിമുതൽ ബീച്ച് സ്റ്റേഷനിൽ വന്നത് 86 ‘തീവിളി’കൾ
Tags:
Fire and Rescue