‘നവകേരള ബസ്’ സർവീസ് നാളെ മുതൽകോഴിക്കോട് : സംസ്ഥാന സർക്കാർ നടത്തിയ നവകേരള സദസ്സിൽ മന്ത്രിസഭ യാത്രചെയ്ത ബസിന്റെ പ്രതിദിന സർവീസ് ഞായറാഴ്ച തുടങ്ങും. കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് ‘നവകേരള ബസ്’ സർവീസ് നടത്തുക. പുലർച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവിൽനിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ടെത്തും.
താമരശ്ശേരി, കല്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് സർവീസ്. ഞായറാഴ്ച ബെംഗളൂരുവിലേക്കുള്ള എല്ലാ ടിക്കറ്റുകളും ഇതിനോടകംതന്നെ വിറ്റുതീർന്നിട്ടുണ്ട്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. 26 സീറ്റുകളാണ് ബസിലുള്ളത്. നവകേരള സദസ്സിനുശേഷം ബസ് എന്ത് ചെയ്യണമെന്ന് സർക്കാർതലത്തിൽ തീരുമാനം വന്നിരുന്നില്ല. സർക്കാർ ബസ് തിരിഞ്ഞുനോക്കാത്തത് വിവാദവുമായിരുന്നു. ഇതോടെയാണ് ബസ് റെഗുലർ സർവീസിന് ഉപയോഗിക്കാൻ തീരുമാനിച്ചത്. മന്ത്രിമാർ യാത്ര ചെയ്തപ്പോൾ ഉണ്ടായിരുന്ന സീറ്റുകളെല്ലാം മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ബസിലുണ്ടായിരുന്ന ശൗചാലയവും ചവിട്ടുപടിക്കുള്ള ലിഫ്റ്റും നിലനിർത്തിയിട്ടുണ്ട്.
Previous Post Next Post