കണ്ണൂർ: കൊച്ചി, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് മാരിടൈം ബോർഡ് ആരംഭിച്ച ചരക്കു കപ്പൽ സർവീസ് ഉപേക്ഷിച്ച് കപ്പൽ കമ്പനി. തുറമുഖങ്ങളിൽ ചരക്കു നീക്കത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും ഇൻസെന്റീവ് കുടിശിക ഒരു കോടി രൂപ കടന്നിട്ടും തുക അനുവദിക്കാത്തതുമാണ് സർവീസ് അവസാനിപ്പിക്കാൻ കാരണമെന്നു കപ്പൽ കമ്പനി പ്രതിനിധികൾ പറഞ്ഞു.
നൂറ്റാണ്ടിലേറെയായി ഷിപ്പിങ് രംഗത്തുള്ള രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി ഗ്രൂപ്പിന്റെ ചൗഗ്ലെ 8 എന്ന കപ്പലായിരുന്നു കേരള തീരത്ത് ഷിപ്പിങ് സേവനം ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ ജൂലൈ 4നു മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കപ്പൽ 9 മാസത്തിനിടെ 43 സർവീസുകളിലായി 3330 കണ്ടെയ്നറുകളാണു കൈകാര്യം ചെയ്തത്. ബേപ്പൂരിൽ നിന്ന് ഇന്നലെ രാത്രി കൊച്ചിയിൽ എത്തിയ കപ്പൽ അടുത്ത ദിവസം ഗോവയിലേക്കു കൊണ്ടുപോകും. മുംബൈ–ഗുജറാത്ത് തീരങ്ങളിൽ പുതിയ സർവീസ് ആരംഭിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
20 അടി നീളമുള്ള 106 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ് ചൗഗ്ലെ 8. ബേപ്പൂരിലെയും അഴീക്കലിലെയും കപ്പൽ ചാലുകൾക്ക് ആഴമില്ലാത്തതിനാൽ പകുതിയിൽ താഴെ കണ്ടെയ്നറുകൾ മാത്രമേ കയറ്റാൻ സാധിക്കുന്നുള്ളൂ. വർഷങ്ങളായി ഡ്രജിങ് നടക്കാത്ത അഴീക്കലിലേക്ക് 20 കണ്ടെയ്നറുകൾ എത്തിക്കുന്നതു തന്നെ വളരെ പാടുപെട്ടാണ്. കപ്പൽ ചാലിന് ആഴമില്ലാത്തതിനാൽ വേലിയേറ്റത്തിൽ ജലനിരപ്പ് ഉയരുന്നതു വരെ പുറംകടലിൽ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. ലക്ഷക്കണക്കിനു രൂപയുടെ ഇന്ധന നഷ്ടവും സമയനഷ്ടവുമാണ് ഓരോ സർവീസിലും കപ്പൽ കമ്പനിക്ക് ഉണ്ടാകുന്നത്.
അഴീക്കലിലെ കപ്പൽ ചാലിന്റെ ആഴം സർക്കാരിനു പണച്ചെലവില്ലാത്ത രീതിയിയിൽ റിവേഴ്സ് ഡ്രജിങ് നടത്തി 7 മീറ്ററാക്കാൻ മാരിടൈം ബോർഡ് തീരുമാനിച്ചിട്ടു മാസങ്ങളായെങ്കിലും തുറമുഖ വകുപ്പ് അനുമതി നൽകിയില്ല. ക്യാപിറ്റൽ ഡ്രജിങ്ങിനു തുറമുഖ വകുപ്പ് 65 കോടി രൂപ ചെലവു കണക്കാക്കിയ സാഹചര്യത്തിലായിരുന്നു 40 കോടി രൂപയെങ്കിലും സർക്കാരിനു ലഭിക്കാവുന്ന തരത്തിൽ റിവേഴ്സ് ഡ്രജിങ് നടത്താൻ മാരിടൈം ബോർഡ് തീരുമാനിച്ചത്. ഇതിനു പിന്നാലെ ബോർഡിന്റെ കാലാവധി പ്രത്യേക ഓർഡിനൻസിലൂടെ അഞ്ചിൽ നിന്നു മൂന്നു വർഷമായി വെട്ടിക്കുറച്ചതോടെ ബോർഡ് തന്നെ ഇല്ലാതായി.
അഴീക്കലിലും ബേപ്പൂരിലും കൊല്ലത്തും കസ്റ്റംസിന്റെ ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇഡിഐ) സൗകര്യം പൂർണസജ്ജമാകാത്തതും രാജ്യാന്തര ചരക്കുകൾ കൈകാര്യം ചെയ്യാൻ തടസ്സം സൃഷ്ടിക്കുന്നുണ്ട്.