ഹോട്ടൽ ഭക്ഷണം വില കൂടി; വില വിവര പട്ടികയിലില്ല


കോഴിക്കോട്:ജില്ലയിലുടനീളം ഹോട്ടൽ ഭക്ഷണത്തിനു വില കൂട്ടി. ഹോട്ടലിൽ ചില വിഭവങ്ങൾക്കു വില കൂട്ടിയിട്ടുണ്ടെങ്കിലും വില വിവര പട്ടിക പല ഹോട്ടലിലും മാറ്റിയിട്ടില്ല. വില വർധിച്ചതിനെതിരെ കോർപറേഷൻ പരിധിയിൽ പരാതി ഉണ്ടായ സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷ്യ വകുപ്പ് പരിശോധന ആരംഭിച്ചു.

ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച് വില നിശ്ചയിക്കാൻ ഭക്ഷണം നിർമിക്കുന്നവർക്ക് അവകാശമുണ്ടെന്ന പേരിലാണ് ഹോട്ടലുടമകൾ വിഭവങ്ങൾക്ക് വില കൂട്ടിയത്. ബിരിയാണി, ഊൺ, ചിക്കൻ, ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങൾക്കാണു വില കൂട്ടിയത്. 10 മുതൽ 30 രൂപ വരെയാണു വില വർധന. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഭക്ഷ്യവസ്തുക്കൾക്കും ഓയിലിനും പാചക വാതകത്തിനും വില കൂടുകയും, വെള്ളം പരിശോധനയ്ക്ക് ഇരട്ടി തുകയാകുകയും ഹോട്ടലുകൾ വർഷത്തിൽ രണ്ടു തവണ വെള്ളം പരിശോധിക്കണമെന്ന നിബന്ധന വരികയും ചെയ്തതോടെയാണ് വില വർധിപ്പിച്ചതെന്നു ഹോട്ടൽ വ്യാപാരികൾ പറയുന്നു.


എന്നാൽ സ്ഥാപനങ്ങളിൽ വിൽക്കുന്ന വസ്തുവിന്റെ വില, വില വിവര പട്ടികയിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. വില വിവര പട്ടികയിലുള്ള വിലയേക്കാൾ കൂടിയ വിലക്ക് വിൽപന നടത്തിയാൽ കർശന നടപടി എടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ കെ.രാജീവ് പറഞ്ഞു. പൊതു ജനങ്ങൾക്ക് ഇക്കാര്യത്തിൽ പരാതി നൽകാം. നിലവിൽ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉണ്ടായ സാഹചര്യത്തിൽ ഭക്ഷ്യ വകുപ്പും അളവുതൂക്ക വിഭാഗവും ചേർന്നു ജില്ലയിൽ ഇന്നു മുതൽ 'ഓപ്പറേഷൻ ജാഗ്രത' എന്ന പേരിൽ അരലക്ഷം കടകളിൽ പരിശോധന നടത്താനാണ് തീരുമാനം.


ബില്ലിങ്, അളവു തൂക്കം, വില വിവര പട്ടികയും ഭക്ഷണ വിലയും പരിശോധിക്കും. ക്രമവിരുദ്ധമായി കണ്ടെത്തിയാൽ അവശ്യവസ്തു വിൽപന നിയമ പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. കോവിഡ് കാലത്ത് ദുരിതത്തിലായ ചെറുകിട ഹോട്ടൽ കച്ചവടക്കാർക്ക് ചായയ്ക്കും ലഘു ഭക്ഷണത്തിനും 2 രൂപയെങ്കിലും വിലവർധന ഉണ്ടായാലേ നിലനിൽക്കാൻ കഴിയൂ എന്ന് കെഎച്ച്ആർഎ ജില്ലാ സെക്രട്ടറി യു.എസ്.സന്തോഷ് കുമാർ പറഞ്ഞു.
Previous Post Next Post