കോഴിക്കോട്:ചങ്ങരോത്ത് പഞ്ചായത്തിലെ ചെറുപുഴയുടെ ജനകീയ വീണ്ടെടുക്കൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. ശുചീകരണ പ്രവൃത്തിക്കായി നിരവധിപ്പേരുടെ പങ്കാളിത്തം ഉറപ്പാക്കിയത് വലിയ കാര്യമാണെന്നും മറ്റു പഞ്ചായത്തുകളും ഈ മാതൃക പിന്തുടരണമെന്നും കലക്ടർ പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് 'ഇനി ഞാൻ ഒഴുകട്ടെ തെളിനീരൊഴുകും നവകേരളം' ജില്ലാതല പ്രചരണ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. എം.എൽ.എ ടി.പി രാമകൃഷ്ണൻ ലോഗോയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഭാഗ്യ ചിഹ്നത്തിന്റെ പ്രകാശനവും നിർവഹിച്ചു.
ബഹുജന കമ്മിറ്റിയുടെ നേതൃത്വത്തിൽ 5000-ത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ലോക ജലദിനത്തിൽ പുഴ വൃത്തിയാക്കുന്നത്. പ്രദേശവാസികൾ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, യുവജനങ്ങൾ ഉൾപ്പെടെ നിരവധി പേർ മാല്യന്യം നീക്കാൻ പുഴയിലിറങ്ങി. ചങ്ങരോത്ത് പര്യായി കോവുപ്പുറം മുതൽ കല്ലൂർമൂഴി വരെയുള്ള ഏഴ് കിലോമീറ്ററിലെ മാലിന്യങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് നീക്കം ചെയ്യുന്നത്.
ബഹുജന കമ്മറ്റിയുടെ ജനറൽ കൺവീനർ കെ.വി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, മണ്ഡലം വികസന മിഷൻ കൺവീനർ എം. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ വിനോദൻ, ഫോറസ്റ്റ് റെയ്ഞ്ചർ കെ.വി ബിനു, ഹരിത കേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.പ്രകാശൻ, ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ കെ.പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:
River