കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘എയർ കോൺകോഴ്സ്’; വിമാനത്താവള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗംകോഴിക്കോട്∙ വിമാനത്താവള നിലവാരത്തിലേക്ക് ഉയരുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഏറ്റവും ആകർഷകമാവുക ‘എയർ കോൺകോഴ്സ്’ എന്ന ഇടനാഴിയാകും. പ്ലാറ്റ്ഫോമിൽനിന്ന് 8 മീറ്റർ ഉയരത്തിൽ, കിഴക്കും പടിഞ്ഞാറുമുള്ള പ്രവേശന കവാടങ്ങളെ ബന്ധിപ്പിച്ചു നിർമിക്കുന്ന ഈ മേൽപാലത്തിന് 48 മീറ്റർ ആയിരിക്കും വീതി. 110 മീറ്റർ നീളവും. യാത്രക്കാർക്ക് വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാൻ വഴിയൊരുക്കുന്നതിനു പുറമെ ഈ വഴിയിൽ കഫറ്റീരിയകളും ഐസ് ക്രീം പാർലറുകളും മറ്റു ചെറിയ കടകളും തുറക്കും. ഇത്രയും വീതിയിൽ കോൺകോഴ്സ് കോഴിക്കോട്ട് മാത്രമാണ് വരുന്നത്. എറണാകുളത്ത് 24 മീറ്റർ ആണെങ്കിൽ തിരുവനന്തപുരത്ത് ഇത് 36 മീറ്ററിലാണ്.
പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാത്തവർക്കും ഇതുവഴി യാത്ര ചെയ്യാം. കോൺകോഴ്സിനു മുകളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ടിക്കറ്റ് എടുക്കാത്തവർക്കും സാധിക്കും. അതേസമയം ഇവർക്ക് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനമുണ്ടാകില്ല. നഗരങ്ങളിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തും വിധം റെയിൽവേ സ്റ്റേഷൻ നിലനിൽക്കുന്നതായി ഉയർന്ന പരാതിക്കു പരിഹാരംകൂടി ആയാണ് ഇരുഭാഗത്തേക്കും സഞ്ചാരം അനുവദിക്കുന്ന തരത്തിൽ എയർ കോൺകോഴ്സ് സങ്കൽപം ഉയർന്നത്.

മൊത്തം 5280 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ ഉയരുന്ന കോൺകോഴ്സിൽ ഇരിപ്പിടങ്ങൾ ഉൾപ്പെടെ യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന സ്ഥലം 1425 സ്ക്വയർ മീറ്ററായിരിക്കും. കടകൾ ഉൾപ്പെടെ വാണിജ്യാവശ്യങ്ങൾക്കായി 1409 സ്ക്വയർ മീറ്ററുമുണ്ടാകും. ടിക്കറ്റ് എടുക്കാത്തവർ ഉൾപ്പെടെ ഉപയോഗിക്കാവുന്ന പൊതു സ്ഥലം 2446 സ്ക്വയർ മീറ്ററുമുണ്ടാകും. 5 നിലകളിലായി വിമാനത്താവള നിലവാരത്തിൽ വരുന്ന പുതിയ റെയിൽവേ സ്റ്റേഷന്റെ നിർമാണം 3 മാസത്തിനകം ആരംഭിക്കും. 473 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന വികസനപ്രവൃത്തികൾ 2026 ഡിസംബറിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

'Air Concourse' at Kozhikode Railway Station

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post