താമരശ്ശേരിയിൽ വൻ തീപിടുത്തം, കെട്ടിടം പൂർണമായും കത്തിയമർന്നു, കത്തിയമർന്നത് മൂന്നു സ്ഥാപനങ്ങൾ, 30 ലക്ഷം രൂപയുടെ നാശനഷ്ടം.



താമരശ്ശേരി: ദേശീയ പാതയോരത്ത് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടുത്തം.കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തി നശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ,അജിത് കുമാർ,സച്ചിദാനന്ദൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരോജ് ബേക്കറി, സരോജ് സ്റ്റേഷനറി, കാബ്രോ ബേക്കറി എന്നിവയാണ് കത്തി നശിച്ചത്.30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

അർദ്ധരാത്രി 12.30 ഓടെയാണ് തീ പടരുന്നത് സമീപത്തെ ഓട്ടോ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്, ഉടൻ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു.20 മിനിറ്റിനകം മുക്കത്ത് നിന്നും രണ്ടു യൂനിറ്റ് ഫയർഫോഴ്‌സ് എത്തി രണ്ടു മണിക്കൂർ നേരത്തെ കഠിന പ്രയത്നത്തിന് ഒടുവിലാണ് തീയണച്ചത്. താമരശ്ശേരി പോലീസും,ഓട്ടോ തൊഴിലാളികളും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.നിരവധി തവണ കോവിലകം ക്ഷേത്രക്കുളത്തിൽ നിന്നും ഫയർഫോഴ്‌സ്  വെള്ളം ശേഖരിച്ചു.

പുലർച്ചെ മൂന്നു മണിയോടെയാണ് തീ പൂർണമായും അണച്ചത്. കാലപ്പഴക്കമുള്ള ഇരുനില കെട്ടിടത്തിൻ്റെ തറ നിലയിൽ മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ, മുകളിലെത്തെ നില ഒഴിഞ്ഞുകിടക്കുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ നാശങ്ങൾ ഒഴിവായി. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
മുക്കം ഫയർസ്റ്റേഷനിലെ ഫയർ ഓഫീസർ അബ്ദുൽ ഗഫൂറിൻ്റെ നേതൃത്വത്തിൽഗ്രേഡ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ അബ്ദുൽ ജലീൽ, രജീഷ് കെ, അഖിൽ ആർ വി, അഭിലാഷ് പി, ഫാസിൽ അലി, നിയാസ് പി, ജയേഷ് കെ.ടി.അബ്ദുൽ സലീം കെ സി. ഹോം ഗാർഡുമാരായ രവീന്ദ്രൻ ടി, രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Previous Post Next Post