കോഴിക്കോട് : കനോലി കനാലിന്റെയും പരിസരത്തെയും വികസനം മുൻനിർത്തിയുള്ള കനാൽസിറ്റി പദ്ധതിയുടെ വിശദ പദ്ധതിരേഖ ഏതാണ്ട് തയ്യാറായെങ്കിലും പാലങ്ങളുടെ ഉയരത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പത്തിൽ തീരുമാനമായില്ല. ഉയരം നാലുമീറ്റർ മതിയോ അത് ആറുമീറ്റർ വേണോ എന്നകാര്യത്തിലാണ് ആശയക്കുഴപ്പം.
എരഞ്ഞിക്കൽ മുതൽ കല്ലായിവരെ വരുന്ന കനാലിൽ 11.2 കിലോമീറ്ററിനിടെ 23 പാലങ്ങളാണ് വരുന്നത്. അതിൽ 11 എണ്ണം വലിയപാലമാണ്. ബാക്കിയുള്ളവയെല്ലാം നടപ്പാലം മാത്രമാണ്. ഈ പാലങ്ങളെല്ലാം ജലനിരപ്പിൽനിന്ന് നാലുമീറ്റർ ഉയരത്തിലാവണോ ആറുമീറ്റർ വേണോയെന്ന കാര്യത്തിലാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യത്തിൽ തീരുമാനമായാൽ ഡി.പി.ആർ. ഉറപ്പിക്കാനാവും.
കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡി(ക്വിൽ)ന്റെ നേതൃത്വത്തിലാണ് കനാൽ നവീകരിക്കുന്നത്. 1118 കോടിയുടേതാണ് പദ്ധതി. ലീ അസോസിയേറ്റ്സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡാണ് ഡി.പി.ആർ. തയ്യാറാക്കുന്നത്. കരട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും അത് പുതുക്കാൻ നിർദേശിച്ചു. കനാൽ വികസനത്തിന് കണക്കാക്കിയ ഭൂമി മതിയാകുമോയെന്ന സംശയമുയർന്നപ്പോഴാണ് ഡി.പി.ആർ. മാറ്റാൻ പറഞ്ഞത്. അതുപ്രകാരം മാറ്റംവരുത്തിയിട്ടുണ്ട്. എന്നാൽ, ഇതിന് അംഗീകാരമായിട്ടില്ല. വീടുൾപ്പെടെയുള്ളവ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കനാൽവികസനം വരുമ്പോൾ അതുവഴി ബോട്ടോടിക്കാനും ചരക്കുഗതാഗതത്തിനുമെല്ലാം പദ്ധതിയുണ്ട്. നിലവിൽ സരോവരത്ത് മാത്രമാണ് അത്യാവശ്യം നീളവും വീതിയുമെല്ലാമുള്ളത്. ഏതാനും വർഷംമുമ്പ് ക്വിലിന്റെ നേതൃത്വത്തിൽ കനാലിലെ ചെളിയും കുളവാഴകളും നീക്കിയിരുന്നു.
ടൂറിസം-വാണിജ്യസാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കനാലിലേക്ക് മലിനജലം തുറന്നുവിടുന്നത് പരിഹരിക്കാൻ കേന്ദ്രീകൃത സംസ്കരണസംവിധാനം, മിനി ബൈപ്പാസ് എലിവേറ്റഡ് ഹൈവേയാക്കി ഉയർത്തുന്നത്, റോഡ് വികസനം എന്നിവയെല്ലാം പരിഗണിക്കുന്നുണ്ട്.