കോഴിക്കോട്: ഓപ്പറേഷൻ ആഗ് പ്രകാരം ഇന്നലെ നടത്തിയ പരിശോധനയിൽ കോഴിക്കോട് സിറ്റിയിൽ നിന്ന് മാത്രം 69 ഗുണ്ടകൾ പൊലീസിന്റെ പിടിയിലായി. ക്വട്ടേഷൻ സംഘാംഗങ്ങൾ, ബൈക്ക് കത്തിച്ച കേസ് പ്രതി, മോഷണക്കേസ് പ്രതികൾ തുടങ്ങിയവർ ഉൾപ്പടെ പിടിയിലായി. ഇതിൽ 3 പേർ പിടികിട്ടാപുള്ളികളാണ്. പിടിയിലായവരിൽ പലരും നിരവധി കേസുകളിലെ പ്രതികളാണെന്നും 15 പേർ കാപ്പ ചുമത്തപ്പെട്ടവരായിരുന്നുവെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ വ്യക്തമാക്കി.
ഓപ്പറേഷന് ആഗ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസിന്റെ ഗുണ്ടാ വേട്ട നടക്കുകയാണ്. ബാങ്ക് അക്കൗണ്ടുകളും സൈബര്‍ രേഖകളും ഉള്‍പ്പെടെ പരിശോധിക്കുകയാണ്. തിരുവനന്തപുരത്ത് 287 ഗുണ്ടകളും പാലക്കാട് 137 ഗുണ്ടകളും അറസ്റ്റിലായി. ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെയുള്ള സംസ്ഥാന വ്യാപക നടപടി കടുപ്പിച്ചിരിക്കുകയാണ് പൊലീസ്. തിരുവനന്തപുരം റൂറല്‍ ഡിവിഷനില്‍ 184 പേരെയും സിറ്റിയില്‍ 113 പേരെയുമാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയും 49പേര് പിടിയിലായിട്ടുണ്ട്.
മലപ്പുറത്ത് 53 പേരെ കരുതല്‍ തടങ്കലിലാക്കി. കോഴിക്കോട് നഗരപരിധിയില്‍ അറസ്റ്റിലായവരില്‍ 18 പേര് സ്ഥിരം കുറ്റവാളികളാണ്. ഗുണ്ട-പൊലീസ് ബന്ധം ഉള്‍പ്പടെ പുറത്തുവന്നതിനു പിന്നാലെയാണ് ഓപ്പറേഷന് ആഗ് എന്ന പേരില്‍ പൊലീസ് നടപടി ആരംഭിച്ചത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെയും, സ്റ്റേഷന് വാണ്ടഡ് ലിസ്റ്റില്‍ പേരുള്ളവരെയും അടിയന്തിരമായി അറസ്റ്റ് ചെയ്യാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം.
Operation Ag; 69 people arrested from Kozhikode city